ആധാര്‍ നമ്പരിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനം ജൂലൈ ഒന്ന് മുതല്‍

mobile numbers

ന്യൂഡല്‍ഹി : ആധാര്‍ നമ്പരിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നു എന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് വെര്‍ച്വല്‍ ഐഡി എന്ന പുതിയ ആശയവുമായി യുഐഡിഎഐ രംഗത്ത് വന്നത്.

സിം വെരിഫിക്കേഷനും മറ്റാവശ്യങ്ങള്‍ക്കുമായി ആധാര്‍ ബയോമെട്രിക് ഐഡിയിലെ 12 അക്ക നമ്പറിനു പകരം വെബ്‌സൈറ്റില്‍ നിന്ന് താത്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യനമ്പര്‍ പങ്കുവെക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെര്‍ച്വല്‍ ഐഡിയിലുണ്ടാവുക. മൊബൈല്‍ കമ്പനികള്‍ക്കും മറ്റും വെരിഫിക്കേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡിലെ 12 അക്ക മ്പറിനു പകരം വെര്‍ച്വല്‍ ഐഡിയിലെ 16 അക്ക താത്കാലിക നമ്പര്‍ നല്‍കിയാല്‍ മതിയാകും.

ഏതൊരു ഉപഭോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വെര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയ ഐ ഡികളെല്ലാം റദ്ദുചെയ്യപ്പെടും. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ നിന്നോ മൊബൈലില്‍ ആധാര്‍ ആപ്പില്‍ നിന്നോ 16 അക്ക വെര്‍ച്വല്‍ ഐഡി നിര്‍മ്മിക്കാന്‍ സാധിക്കും. എന്നാല്‍ ഈ 16 അക്ക നമ്പര്‍ പരിമിതകാലത്തേയ്ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ആധാര്‍ ഉപയോക്താക്കള്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് 12 ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കുക. ഇതോടെ വെബ്‌സൈറ്റ് 16 അക്കമുള്ള വെര്‍ച്വല്‍ ഐഡി ക്രിയേറ്റ് ചെയ്ത് നല്‍കും. റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, വിമാനടിക്കറ്റ് ബുക്കിംഗ് എന്നിങ്ങനെ ആധാര്‍ ആവശ്യമായ എല്ലാ സേവനങ്ങള്‍ക്കും വെര്‍ച്വല്‍ ഐഡി പ്രയോജനപ്പെടുത്താം.

Top