കൊച്ചി: മലയാറ്റൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്തെ മലയോര മേഖലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്താന്‍ നിര്‍ദേശം. റൂറല്‍ എസ്.പി. കെ.കാര്‍ത്തികാണ് പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്പിമാര്‍ക്ക് ക്വാറികളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജില്ലയിലെ മുഴുവന്‍ പാറമടകളുടേയും ലൈസന്‍സ് പൊലീസ് പരിശോധിക്കും. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും.
അതേസമയം എറണാകുളം മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമടയുടെ ഉടമടകള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മലയാറ്റൂര്‍ നീലിശ്വരം സ്വദേശികളായ ബെന്നി പുത്തന്‍, റോബിന്‍സ് എന്നിവര്‍ക്കായി ഓഫീസുകളിലും ബന്ധുവീടുകളിലും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. കാലടി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. പാറമടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗയുമാണ് മരിച്ചത്.