insufficient evidence on alleged indian spy jadhav sartaj aziZ

ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ ‘ഇന്ത്യന്‍ ചാരന്‍’ കുല്‍ഭൂഷണ്‍ യാദവിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി പാക് സര്‍ക്കാര്‍.

സര്‍താജ് അസീസിന്റെ പേരില്‍ പ്രചരിക്കുന്ന ഈ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കുല്‍ഭൂഷണ്‍ യാദവുമായി ബന്ധപ്പെട്ട ചാരക്കണ്ണികളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉടന്‍ കുറ്റപത്രം പൂര്‍ത്തിയാക്കുമെന്നുമാണ് സര്‍താജ് അസീസ് പറഞ്ഞതെന്നും പാക് സര്‍ക്കാര്‍ വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ യാദവിനെതിരെ സംശയാതീതമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. മാത്രമല്ല, താന്‍ ഇന്ത്യന്‍ ചാരനാണെന്ന് അയാള്‍ ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണെന്ന് പാകിസ്താന്‍ ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടുന്ന ഇന്ത്യന്‍ പതിവിനെയും സര്‍താജ് അസീസ് വിമര്‍ശിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ ആകെയുള്ളത് ചില പ്രസ്താവനകള്‍ മാത്രമാണെന്നും സെനറ്റ് ചേംബറിന്റെ സമ്പൂര്‍ണയോഗത്തില്‍ സര്‍താജ് അസീസ് പറഞ്ഞതായി ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കുറ്റപത്രത്തിലുള്ള തെളിവുകള്‍ തീര്‍ത്തും അപര്യാപ്തമാണ്. കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ എത്രയുംവേഗം ലഭ്യമാക്കുകയാണ് അന്വേഷണ ഏജന്‍സികളുടെ ചുമതലയെന്നും അസീസ് പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ട്.

കുല്‍ഭൂഷണ്‍ യാദവ് ഇറാനിലൂടെ അനധികൃതമായി ബലൂചിസ്ഥാനില്‍ എത്തുകയായിരുന്നുവെന്നാണു ആദ്യം മുതലേ പാകിസ്താന്‍ അധികൃതരുടെ വാദം.

യാദവ് ഇന്ത്യന്‍ നാവിക സേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇപ്പോള്‍ ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

താന്‍ ഇന്ത്യന്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നു യാദവ് പറയുന്ന ‘കുറ്റസമ്മത വിഡിയോ’യും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തയുടന്‍ പാക് വിദേശകാര്യ സെക്രട്ടറി അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

നാവികസേനയില്‍ നിന്നു നേരത്തേ വിരമിച്ച കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനല്ലെന്നും സര്‍ക്കാരുമായി ഇദ്ദേഹത്തിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇദ്ദേഹത്തിനു വേണ്ട നിയമപരമായ സഹായം നല്‍കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Top