Insulted national flag

മലപ്പുറം: ദേശീയപതാകയെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാളിലെ
ബേഗല്‍ നഗര്‍ സ്വദേശി അബ്ദുള്‍ വാഹിദിനെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തത്.

ഇയാള്‍ക്ക് ഭീകരവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വണ്ടൂര്‍ കുറ്റിയില്‍ നിര്‍മ്മാണത്തൊഴിലിനെത്തിയ ഇയാളെ ഡിജിപിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭാരതത്തിന്റെ ദേശീയപതാക പുതച്ച തെരുവുനായയെ ബംഗ്ലാദേശി പതാക പുതച്ച കടുവ ഓടിക്കുന്നതായി ചിത്രീകരിച്ച ഫോട്ടോയാണ് ഇയാള്‍ ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചത്. ഇതു കൂടാതെ ദുര്‍ഗ്ഗാദേവിയുടെ പ്രതിമയില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

മലപ്പുറം എസ്പി, പെരിന്തല്‍മണ്ണ ഡിവൈഎസ്പി, ഐ ബി, എസ്എസ്ബി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഐഎസ് അടക്കമുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുള്ളയാളാണോ ഇയാള്‍ എന്ന് പരിശോധിച്ചു വരികയാണെന്ന് വണ്ടൂര്‍ പൊലീസ് പറഞ്ഞു. എന്‍ഐഎയും ഇയാളെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

Top