പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് അപകീര്‍ത്തികരം; രാജ്യദ്രോഹകുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അപകീര്‍ത്തിയാണെന്നും എന്നാല്‍ രാജ്യദ്രോഹത്തിന് തുല്യമല്ലെന്നും കര്‍ണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണ്. എന്നാല്‍ അതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു സ്‌കൂള്‍ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം.

തങ്ങള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ബിദറില്‍ പ്രവര്‍ത്തിക്കുന്ന ‘ഷഹീന്‍’ സ്‌കൂള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാനേജ്മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീന്‍, അബ്ദുള്‍ ഖാലിഖ്, മുഹമ്മദ് ബിലാല്‍ ഇനാംദാര്‍, മുഹമ്മദ് മഹ്താബ് എന്നിവര്‍ക്കെതിരെ ബിദാറിലെ ന്യൂ ടൗണ്‍ പൊലീസ് സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗഡറാണ് ഹര്‍ജി പരിഗണിച്ചത്.

 

പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീര്‍ത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്. സര്‍ക്കാര്‍ നയത്തെ ക്രിയാത്മകമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭരണഘടനാപദവികള്‍ വഹിക്കുന്നവരെ നയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പിനെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

 

2020 ജനുവരി 21 ന്, 4, 5, 6 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ നാടകം അവതരിപ്പിച്ചതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രാജ്യദ്രോഹത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ‘നാടകം സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് കളിച്ചത്. ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ പൊതു അസ്വസ്ഥത സൃഷ്ടിക്കുന്നതിനോ കുട്ടികള്‍ ശ്രമിച്ചിട്ടില്ല’ – ഹൈക്കോടതി നിരീക്ഷിച്ചു.

 

 

Top