അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം; വിനായകനെതിരെ കേസെടുക്കും

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് നടന്‍ വിനയകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം നോര്‍ത്ത് പൊലീസിനെ ചുമതലപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് വിനായകന്‍ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്.

വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നല്‍കിയത്.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. വിനായകന്‍ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീര്‍ ബാവ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിനായകന്റെ ലഹരി – മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ – വിനായകന്‍ ലൈവില്‍ ചോദിച്ചു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തില്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

Top