ന്യൂഡല്‍ഹി: രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണി. നിര്‍ണായക പ്രഖ്യാപനങ്ങളാണ് ഇതു സംബന്ധിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49ല്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തി.
2021-22 ല്‍ തന്നെ എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഐപിഒയുമായി എല്‍.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25 ശതമാനം വരെ ഓഹരി വിറ്റഴിക്കാനാണ് ശുപാര്‍ശ.
അതേസമയം, ആദായ നികുതി നിരക്കില്‍ മാറ്റങ്ങള്‍ ഒന്നും ഇത്തവണ വരുത്തിയിട്ടില്ല. ചെലവു കുറഞ്ഞ വീടിനായി വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ 1.5 ലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നത് 2022 മാര്‍ച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. 2019-20ലെ ബജറ്റില്‍ പ്രഖ്യാപിച്ച് ഇളവ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടുകയായിരുന്നു.