ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണം: ഒറ്റയാന്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

ISIS

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ‘ഒറ്റയാന്‍’ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.

അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചത്.ഗുജറാത്തില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പു പ്രചാരണം ചൂടിപിടിച്ചിരിക്കേ രാഷ്ട്രീയനേതാക്കള്‍ക്ക് അതീവസുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്റ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളുടെ റോഡ് ഷോയ്ക്കു നേരെയായിരിക്കും ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോകള്‍ക്ക് അഹമ്മദാബാദ് പൊലീസ് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ട്രാഫിക്‌റോഡ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ചൊവ്വാഴ്ച നടക്കാനിരുന്ന റോഡ് ഷോകള്‍ക്ക് അനുമതി നിഷേധിച്ചത്.

ഒരു ‘ലോണ്‍ വൂള്‍ഫ്’ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്റ്‌സ് സംസ്ഥാന പൊലീസിനെ അറിയിച്ചത്. ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെ വിളിക്കുന്ന പേരാണ് ‘ലോണ്‍ വൂള്‍ഫ്’.

ഇക്കഴിഞ്ഞ നവംബര്‍ ആറിന് മധ്യപ്രദേശില്‍ നിന്നു പിടിയിലായ ഉറോസ് ഖാന്‍ എന്ന ഭീകരനാണ് ഇതുസംബന്ധിച്ച ആദ്യ സൂചന നല്‍കിയത്. ഒരു ജൂത സിനഗോഗിനു നേരെയും ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ഭീകരാക്രമണം നടത്താനായി രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടെന്നായിരുന്നു മൊഴി. ഇവര്‍ക്ക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നല്‍കാനിരിക്കെയാണ് ഉറോസ് പിടിയിലായത്.

Top