സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഹിഡൻ അജണ്ടയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മാധ്യമ രംഗത്തെ ഒരു പ്രമുഖൻ ഉൾപ്പെടെ ഈ ഗൂഢാലോചനയിൽ പങ്കാളിയായതായാണ് സംസ്ഥാന ഇന്റലിജൻസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച തോമസ് ഐസക്കും ശ്രീരാമകൃഷ്ണനും അടക്കമുള്ള നേതാക്കൾക്ക് നിയമനടപടി സ്വീകരിക്കാനുള്ള അനുമതി സി.പി.എം. നേതൃത്വം നൽകുമെന്നാണ് സൂചന. ഇതുവരെ സി.പി.എം സംശയിച്ചിരുന്നത് ആർ.എസ്.എസ് ഇടപെടൽ മാത്രമായിരുന്നു. എന്നാൽ മാധ്യമ പ്രമുഖന്റെ പങ്കു കൂടി പുറത്ത് വന്നതോടെ ഇതിന്റെ ഗൗരവവും വർദ്ധിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെയും അവരെ അടുത്തയിടെ സന്ദർശിച്ചവരുടെയും വിശദാംശങ്ങൾ സി.പി.എം. നേതൃത്വത്തിനും ലഭിച്ചതായാണ് സൂചന. നേതാക്കൾക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് സി.പി.എം വിലയിരുത്തൽ. ‘ചതിയുടെ പത്മവ്യൂഹം ‘ എന്ന പുസ്തകം പുറത്തിറക്കിയത് തന്നെ മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നതിനാണെന്ന നിഗമനത്തിലാണ് മറ്റു ഇടതുപക്ഷ പാർട്ടികളും ഉള്ളത്. ഇതിനെല്ലാം പരസ്യ മറുപടി നൽകി പുസ്തകത്തിനും സ്വപ്നയ്ക്കും പ്രചാരം കൊടുക്കേണ്ടതില്ലന്നതാണ് തീരുമാനം. അതേസമയം വ്യക്തിഹത്യ പരിധി വിട്ടതിനാൽ ഇതിനു വിധേയരായ നേതാക്കൾ നിയമ നടപടി സ്വീകരിക്കുന്നതിന് തടസ്സവുമില്ല.
ജയിൽ മോചിതയായ ഉടനെ സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക് മുൻപിൽ നടത്തിയ പ്രതികരണത്തിൽ പറയാത്ത കാര്യമാണിപ്പോൾ സി.പി.എം നേതാക്കൾക്ക് എതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതിന് തോമസ് ഐസക്കും ശ്രീരാമകൃഷ്ണനും വ്യക്തമായ മറുപടി നൽകിയതോടെ സ്വപ്നയുടെ ഭർത്താവുമൊത്ത് ശ്രീരാമകൃഷ്ണനെ കണ്ടത് ഉൾപ്പെടെയുള്ള ചില ഫോട്ടോകൾ പുറത്ത് വിട്ടാണ് സ്വപ്ന തിരിച്ചടിച്ചത്. എന്നാൽ പുറത്ത് വന്ന ഫോട്ടോയിൽ ഒരു അസ്വാഭാവികതയും ഇല്ലന്നിരിക്കെ അതിനെ തെറ്റായ രൂപത്തിൽ വ്യാഖ്യാനം നടത്തി ശ്രീരാമകൃഷ്ണനെ അപമാനിക്കാനുള്ള നീക്കമാണ് മാധ്യമങ്ങൾ നടത്തിയതെന്നാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുബത്തിനും എതിരെ നിറം പിടിപ്പിച്ച കഥകൾ പടച്ചുവിട്ട ഒരു കേന്ദ്രത്തിൽ നിന്നു തന്നെയാണ് ഇക്കാര്യത്തിലും തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
‘ചതിയുടെ പത്മവ്യൂഹം’ എന്ന തന്റെ ആത്മകഥയുടെ രണ്ടാംഭാഗത്തിൽ ന്യൂക്ലിയർ ബോംബ് ഉണ്ടാകുമെന്ന സ്വപ്നയുടെ മുന്നറിയിപ്പ് എതിരാളികളുടെ രാഷ്ട്രീയ അജണ്ടയായാണ് സി.പി.എം. നോക്കി കാണുന്നത്. അടുത്ത ലോകസഭ- നിയമസഭ തിരഞ്ഞെടുപ്പുകൾ വരെ ഈ പുസ്തകത്തിന് പല എപ്പിസോഡുകൾ ഉണ്ടാകാമെന്ന കണക്ക് കൂട്ടലും സി.പി.എമ്മിനുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തെളിവുകൾ കൈവശമുണ്ടെന്ന സ്വപ്നയുടെ വാദവും സി.പി.എം നേതൃത്വം പുച്ഛിച്ചാണ് തളളിക്കളഞ്ഞിരിക്കുന്നത്. ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകുമെന്ന് സ്വപ്ന അവകാശപ്പെടുമ്പോൾ നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചന പുറത്ത് വരുമ്പോൾ ആ ബോംബൊക്കെ നനഞ്ഞ പടക്കമായി മാറുമെന്നാണ് സി.പി.എം. കേന്ദ്രങ്ങൾ പരിഹസിക്കുന്നത്.
സ്വപ്ന സുരേഷിനും അവരുടെ അഭിഭാഷകനും അവർക്ക് അഭയം നൽകിയ ആർ.എസ്.എസ് അനുകൂല സംഘടനക്കും എതിരെ സംസ്ഥാന പൊലീസ് കർക്കശ നിലപാടുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുന്നത്. സ്വപ്നയുടെ വാക്കുകൾ പ്രാധാന്യത്തോടെ വാർത്തയാക്കാൻ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെയാണ് മത്സരിക്കുന്നത്. ഇവരാരും തന്നെ മുൻപ് പറയാത്ത കാര്യങ്ങൾ എന്തു കൊണ്ടാണ് ഇപ്പോൾ പറയുന്നത് എന്ന ഒരു ചോദ്യം പോലും സ്വപ്നയോട് ഇതുവരെ ചോദിച്ചിട്ടില്ല. ജയിലിൽ നിന്നും പുറത്തിറങ്ങിയ സ്വപ്നയുടെ എക്സ്ക്ലൂസീവ് ഇന്റർവ്യൂ നൽകിയ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വാർത്താ ചാനലുകളും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും തെറ്റായ രൂപത്തിലുള്ള ഒരു പരാമർശവും സ്വപ്ന നടത്തിയിരുന്നില്ല. ഫാമിലിയുമായി ബന്ധമുണ്ടായിരുന്നു എന്നും തന്റെ ഭർത്താവ് മൊത്ത് സ്പീക്കറെ കാണാൻ പോയിട്ടുണ്ട് എന്നുമാണ് അന്ന് സ്വപ്ന മൊഴിഞ്ഞിരുന്നത്. കാറിൽ മുൻ സ്പീക്കറുമായി ഒരുമിച്ച് യാത്ര ചെയ്തിരുന്നോ എന്ന ഏഷ്യാനെറ്റ് അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നു മറുപടി നൽകിയ സ്വപ്ന ഇനി പുതിയ സാഹചര്യത്തിൽ അതും നിഷേധിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.
EXPRESS KERALA VIEW