തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നതായി വിദഗ്ധരുടെ അഭിപ്രായം. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജൂണ്‍ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം,കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിസര്‍ഗ ചുഴലിക്കാറ്റിന്റെ പ്രഭാവം വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ രീതിയില്‍ ബാധിക്കില്ല എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലും മഴ കുറയും. ജൂണ്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ കിട്ടും. ജൂണ്‍ പതിനഞ്ചോടെ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.