തിരൂരങ്ങാടി: മലപ്പുറം കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തര്‍ജില്ലാ മോഷണ സംഘത്തലവനെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും തിരൂരങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടി. വേങ്ങര പറപ്പൂര്‍ സ്വദേശി കുളത്ത് അബ്ദുല്‍റഹീം എന്ന വേങ്ങര റഹീമിനെയാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രാത്രി കാല കളവുകള്‍ കൂടിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം രാത്രികാല പരിശോധനകളടക്കം ശക്തമാക്കിയിരുന്നു.
മുന്‍ കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാളെ ചെമ്മാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ മാസം പുലര്‍ച്ചെ തിരൂരങ്ങാടി മുന്നിയൂര്‍ നെടുമ്പറമ്പ് സ്വദേശി അഹമ്മദ് കബീറിന്റെ വീടിന്റെ ഓടിളക്കി അകത്തു കടന്ന് വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വില കൂടിയ മൊബൈല്‍ ഫോണുകളും പണവും കവര്‍ച്ച ചെയ്തതടക്കം നിരവധി കേസുകള്‍ക്ക് ഇതോടെ തെളിവായി.
അഞ്ചു വര്‍ഷം മുമ്പാണ് റഹീമിന്റ നേതൃത്വത്തിലുള്ള സംഘം വീടുകളില്‍ ഒറ്റക്കു കഴിയുന്ന സ്ത്രീകളെ ക്ലോറോഫോം മണപ്പിച്ച് മയക്കി കിടത്തി കവര്‍ച്ച ചെയ്തത്. 30 ഓളം കേസുകളാണ് ഇയാളേയും സംഘത്തേയും പിടികൂടിയതോടെ അന്ന് തെളിയിക്കാനായത്. രണ്ട് വര്‍ഷം മുമ്പ് ഈ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ മഞ്ചേരിയില്‍ വാടക വീട്ടില്‍ വളരെ രഹസ്യമായി താമസിച്ചു വരികയായിരുന്നു.
അടുത്തിടെയായി ലഹരി കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്ന ഇയാള്‍ ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ഇവര്‍ക്കു വേണ്ടി എത്തിച്ചു കൊടുത്തിരുന്നതായും പറയുന്നു. മോഷണ മുതലുകള്‍ കണ്ടെടുക്കുന്നതിനും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.