സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കാതിരുന്നതില്‍ ക്ഷമാപണം നടത്തി ഇന്റര്‍ മയാമി

ഫ്‌ലോറിഡ: മേജര്‍ ലീഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കാതിരുന്നതില്‍ ക്ഷമാപണം നടത്തി ഇന്റര്‍ മയാമി. ഹോങ്കോങ് ഇലവനെതിരായ മത്സരത്തിലാണ് മെസ്സി കളിക്കാതിരുന്നത്. സൗദിയില്‍ അല്‍ ഹിലാലുമായ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. പിന്നാലെ അല്‍ നസറിനെതിരായ മത്സരത്തില്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാല്‍ ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ മുഴുവന്‍ സമയവും മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ ഹോങ്കോങ് ആരാധകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. പരിക്കുകള്‍ ഫുട്‌ബോളിന്റെ ഭാഗമാണ്. അത് ആരുടെയും കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല. ഹോങ്കോങ്ങിലെ ആരാധകര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഇന്റര്‍ മയാമി പ്രതികരിച്ചു.

മത്സരം കാാണാന്‍ ടിക്കറ്റെടുത്ത ആരാധകര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതോടെ ഹോങ്കോങ് സര്‍ക്കാര്‍ മെസ്സി കളിക്കാതിരുന്നതില്‍ ഇന്റര്‍ മയാമിയോട് വിശദീകരണം തേടി. ഇതിന് മറുപടിയായാണ് മയാമി ഹോങ്കോങ് ആരാധകരോട് ക്ഷമാപണം നടത്തിയിരിക്കുന്നത്.

Top