ഗോളടിച്ച് ഇന്റർ മയാമി; എംഎൽഎസ് അരങ്ങേറ്റത്തിലും മെസ്സി മാജിക്

ർജന്റൈൻ ഇതിഹാസം ലിയോണൽ മെസ്സിക്ക് എംഎൽഎസ് അരങ്ങേറ്റത്തിലും ഗോൾ. ന്യൂയോർക്ക് റെഡ് ബുള്ളിനെ എതിരില്ലാത്ത രണ്ട് ഗോളിന് മെസ്സിയുടെ ഇന്റർ മയാമി തോൽപ്പിച്ചു. 89 ആം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. ആറുപതാം മിനിറ്റിൽ പകരക്കാരനയിട്ടാണ് മെസി കളത്തിലിറങ്ങിയത്. ഡിയോഗോ ഗോമസിന്റെ വകയായിരുന്നു ഇന്റർ മയാമിയുടെ ആദ്യ ഗോൾ. വിജയത്തോടെ മയാമി അവസാന സ്ഥാനത്ത് നിന്ന് കരകയറി. നിലവിൽ 14-ാം സ്ഥാനത്താണ് ടീം. 23 മത്സരങ്ങളിൽ 21 പോയിന്റാണ് ടീമിനുള്ളത്.

ലീഗിൽ 11-ാം സ്ഥാനത്തുള്ള റെഡ് ബുൾസിനെതിരെ അത്ര ആധികാരികമായിരുന്നില്ല മയാമിയുടെ പ്രകടനം. എന്നാൽ കിട്ടിയ അവസരങ്ങൾ മയാമി മുതലാക്കി. 37-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ. നോഹ് അലന്റെ പാസിൽ ഗോമസിന്റെ മനോഹര ഫിനിഷ്. ആദ്യപാതി ഈ സ്‌കോർ നിലയിൽ പിരിഞ്ഞു. 60 മിനിറ്റിൽ മെസി കളത്തിലേക്ക്. മത്സരം 1-0ത്തിന് അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെ മെസി ഗോൾ നേടി.

ഗോളിനേക്കാൾ മനോഹരം ഗോൾ നേടുന്നതിന് മുമ്പ് നൽകിയ പാസ് ആയിരുന്നു. എതിർതാരങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ മെസി പന്ത് ബെഞ്ചമിൻ ക്രമാഷിയിലെത്തിച്ചു. പിന്നാലെ പതിനെട്ടുകാരന്റെ ക്രോസ്. മെസിക്ക് കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളു, മത്സരത്തിലെ രണ്ടാം ഗോൾ പിറന്നു.

നാല് ദിവസങ്ങൾക്ക് മുമ്പ് യുഎസ് ഓപ്പൺ കപ്പ് ഫൈനലിലേക്ക് ഇന്റർ മയാമിയെ നയിക്കാൻ മെസിക്കായിരുന്നു. സിൻസിനാറ്റി എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടക്കുകയായിരുന്നു ടീം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടിൽ മയാമിയുടെ നാടകീയ ജയം(5-4). മയാമിയുടെ ആദ്യ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മെസിയുടെ കൃത്യതയുള്ള പാസുകളായിരുന്നു.

Top