മേജര്‍ ലീഗ് സോക്കറിന്റെ പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങി ഇന്റര്‍ മയാമി

ഫ്‌ലോറിഡ: മേജര്‍ ലീഗ് സോക്കറിന്റെ പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങാന്‍ ഇന്റര്‍ മയാമിക്ക് കഴിഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളിനാണ് മയാമിപ്പട റയല്‍ സാള്‍ട്ട് ലേക്കിനെ തോല്‍പ്പിച്ചത്. വിജയത്തിലും മെസ്സിയെയും സംഘത്തെയും വിമര്‍ശിക്കാനാണ് എതിരാളികള്‍ക്ക് താല്‍പ്പര്യം. ലോകറാങ്കിങ്ങില്‍ 902-ാം സ്ഥാനത്തുള്ള ടീമിനെയാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയതെന്ന ആരോപണമാണ് വിമര്‍ശകര്‍ക്കുള്ളത്.

ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് റയലിന്റെ പരാജയത്തിന് ഒരു കാരണം. രണ്ടാം പകുതിയില്‍ മയാമി പ്രതിരോധം വരുത്തിയ വീഴ്ചകള്‍ മുതലെടുക്കാനും റയലിന് കഴിഞ്ഞില്ല. ശക്തമായി പൊരുതിത്തന്നെയാണ് ഇന്റര്‍ മയാമി മേജര്‍ ലീഗ് സോക്കറിലെ ആദ്യ മത്സരം വിജയിച്ചത്.മെസ്സിയും സുവാരസും ഉള്‍പ്പെടുന്ന നിരയ്ക്ക് ഒരിക്കലും അനായാസം അല്ലായിരുന്നു ഈ വിജയം. ആദ്യ പകുതിയില്‍ ഒമ്പത് ഷോട്ടുകള്‍ മയാമി താരങ്ങള്‍ പായിച്ചതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. റയലിന് നാല് ഷോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മത്സരം അവസാനിക്കുമ്പോള്‍ മയാമി 15 ഷോട്ടുകളാണ് ആകെ അടിച്ചത്. എന്നാല്‍ എതിരാളികളുടെ ഷോട്ടുകളുടെ എണ്ണം 17ലേക്ക് എത്തി. അതില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്.

വിമര്‍ശകള്‍ പറയുന്നതു പോലെ ഫുട്‌ബോള്‍ ക്ലബുകളുടെ ലോക റാങ്കിങ്ങില്‍ 902-ാം സ്ഥാനത്താണ് റയല്‍ സാള്‍ട്ട് ലേക്ക്. വടക്കേ അമേരിക്കയില്‍ 62-ാമതും അമേരിക്കയില്‍ 15-ാം റാങ്കിലുമാണ് റയലിന്റെ സ്ഥാനം. എന്നാല്‍ ഇന്റര്‍ മയാമി ലോകത്തിലെ ഫുട്‌ബോള്‍ ക്ലബുകളില്‍ 1477-ാം സ്ഥാനത്താണ്. വടക്കേ അമേരിക്കയില്‍ 109-ാമതും അമേരിക്കയില്‍ 21-ാം സ്ഥാനത്തുമാണ്.

Top