ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി

സൗദിയിൽ ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ അധികൃതർ പുറത്ത് വിട്ടു. 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നൽകുകയുള്ളൂ. തീർത്ഥാടകരും, ഹജ്ജ് സേവനത്തിനെത്തുന്നവരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. വിദേശ തീർത്ഥാടകർ സൌദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാക്സിനും, പി.സി.ആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം സൌദിക്ക് അകത്തുള്ള ആയിരത്തോളം പേർ മാത്രമാണ് ഹജ്ജ് ചെയ്തത്. എന്നാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും. കഴിഞ്ഞ വർഷത്തെപോലെ കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും ഈ തവണയും ഹജ്ജ്. ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പുറത്ത് വിട്ടു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമേ ഹജ്ജ് തീർത്ഥാടനത്തിനും, ഇരുഹറമുകളും പുണ്ണ്യ സ്ഥലങ്ങളും സന്ദർശിക്കുന്നതിനും, ഹജ്ജ് സേവനത്തിനും അനുമതി നൽകൂ.

മക്കയിലേയും മദീനയിലേയും 60 ശതമാനം ആളുകളിലും വാക്സിൻ വിതരണം ചെയ്യും. ദുൽഹജ്ജ് ഒന്നിന് മുമ്പായി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമേ ഹജ്ജിന് അനുമതി നൽകുകയുളളൂ. ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങളിലേർപ്പെടുന്നവർ ഹജ്ജ് സേവനമാരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വിദേശ തീർത്ഥാടകർ സൌദിയിലെത്തുന്നതിന് ഒരാഴ്ച മുമ്പ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചിരിക്കണമെന്നുമാണ് ചട്ടം.

മാത്രവുമല്ല, സൌദിയിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം ഇവർ കയ്യിൽ കരുതേണ്ടതാണ്. സൌദിയിലെത്തിയാൽ 72 മണിക്കൂർ ക്വാറന്‍റൈൻ പൂർത്തിയാക്കുകയും, ഇതിൽ 48 മണിക്കൂർ പൂർത്തിയാകുമ്പോൾ വീണ്ടും കോവിഡ് പരിശോധന നടത്തുകയും വേണം. 18 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി. കഴിഞ്ഞ വർഷത്തെ പോലെ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇത്തവണയും ഹജ്ജ്.

Top