കൊച്ചി: കല്ലട ബസിന് നേരെയുണ്ടായ നടപടികള്‍ക്ക് പിന്നാലെ സര്‍ക്കാരിനെയും പൊതുജനത്തെയും വെല്ലുവിളിച്ച് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്.
യാത്രക്കാരെ പാതിരാത്രിയില്‍ മര്‍ദ്ദിച്ച് പെരുവഴിയിലിറക്കിവിടുക, അതും കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പേ യാത്രക്കാരിക്ക് നേരെ ബസിനുളളില്‍ പീഡന ശ്രമം അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് കല്ലട ബസിനെതിരായ പരാതികള്‍. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സമരം ശക്തമാകുന്നതോടെ അയല്‍സംസ്ഥാനങ്ങളിലേക്കും അവിടെ നിന്നും ഒരൊറ്റ ബസ് പോലും ഓടില്ല. ഈ സമര മാര്‍ഗത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബസുടമകളുടെ നീക്കം.
ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.ജസ്റ്റീസ് എം രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്‍ നാലു പേജുളള ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാന്‍ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാന്‍ സമഗ്രമായ റിപ്പോര്‍ട്ടും വൈകാതെ തയാറാക്കുമെന്ന് ജസ്റ്റീസ് എം രാമചന്ദ്രന്‍ വ്യക്തമാക്കി.