ഗോഡ്‌സെയെ കുറിച്ച് വിവാദ പരാമര്‍ശം ; കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം

kamal

ചെന്നൈ : ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജസ്റ്റിസ് ബി പുകളേന്തിയാണ് ഹാസന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി കെ. വി രാമകൃഷ്ണനാണ് പരാതി നല്‍കിയത്.

തന്റെ പ്രസംഗത്തില്‍ താന്‍ ഗോഡ്സെയെയാണ് പറഞ്ഞതെന്നും ഹിന്ദു സമുദായത്തെ ഒന്നടങ്കം ഉദേശിച്ചിരുന്നില്ലയെന്നും താന്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നും കമല്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കമലിനെതിരെ 76 ഓളം പരാതികള്‍ നിലവിലുണ്ടെന്നും അതു കൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ഇത്തരം വിഷയങ്ങള്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാന്‍ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുന്‍കൂര്‍ ജാമ്യം വേണമെങ്കില്‍ അതിനുള്ള ഹര്‍ജി കമല്‍ഹാസന് സമര്‍പ്പിക്കാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

എന്നാല്‍ താന്‍ പ്രസ്താവന ഇനിയും ആവര്‍ത്തിക്കുമെന്നും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു. സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top