ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ന് ഇടക്കാല പൊതു തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 മാസത്തെ ഭരണഫലം ഇന്നറിയാം. അഭിപ്രായ സര്‍വ്വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു.435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലെ റിപബ്ലിക്കന്‍ ഭൂരിപക്ഷം അട്ടിമറിക്കാമെന്നാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ.
പക്ഷേ സെനറ്റില്‍ ഡമോക്രാറ്റുകളുടെ സീറ്റിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാല്‍ ട്രംപിന്റെ ഭരണസംവിധാനങ്ങളുടെ അടച്ചു പൂട്ടല്‍ വരെ ഉണ്ടായേക്കാം.പ്രചരണരംഗത്തിറങ്ങിയ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ വിഭാഗീയതയ്ക്കും വംശീയ വിദ്വേഷത്തിനും മുന്നില്‍ തോറ്റുകൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ കുടിയേറ്റ പ്രശ്‌നത്തില്‍ ഡമോക്രാറ്റുകള്‍ക്ക് നേരെ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ റാലികള്‍.ഇരുകൂട്ടരുടേയും പ്രധാനവിഷയം കുടിയേറ്റമാണ്. തോക്ക് നിയന്ത്രണ വിവാദവും ആരോഗ്യപരിരക്ഷയുമാണ് ചൂടുപിടിച്ചിരിക്കുന്ന മറ്റ് രണ്ട് വിഷയങ്ങള്‍.