ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്യം കുറയുന്നതായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ ശക്തമാണെന്നും പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയവാദി പാര്‍ട്ടിയായ ബിജെപിയും നിയമസംവിധാനങ്ങള്‍ ഉപയോഗിച്ച് ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സെന്‍സര്‍ഷിപ്പ് നടപ്പാക്കുന്നതായി അമേരിക്കന്‍ സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിയന്ത്രണങ്ങള്‍, സമൂഹമാധ്യമങ്ങളിലെ നിയന്ത്രണങ്ങള്‍, വെബ്‌സൈറ്റുകള്‍- വി പി എന്‍ എന്നിവ ബ്ലോക്ക് ചെയ്യല്‍, നിര്‍ബന്ധിച്ച് ഉള്ളടക്കം നീക്കം ചെയ്യിക്കല്‍ എന്നിങ്ങനെ അഞ്ച് സെന്‍സര്‍ഷിപ്പ് രീതികള്‍ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്റര്‍നെറ്റ് സ്വാതന്ത്യം വിലയിരുത്തിയത്. ലോകത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 88 ശതമാനം വരുന്ന 70 രാജ്യങ്ങളിലെ 2022 ജൂണ്‍ മുതല്‍ 2023 മേയ് വരെയുള്ള സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയകള്‍ക്ക് അവയുടെ ഉള്ളടക്കങ്ങള്‍ക്കായി ഐടി നിയമങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ നിയന്ത്രിക്കാനായി യുട്യൂബ്, ട്വിറ്റര്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.ഭരണകക്ഷിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങും 2024 ലെ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സെന്‍സര്‍ഷിപ്പ് ഉപയോഗിച്ച് ഭരണകൂടം നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.