ഹോളിവുഡ്: അന്താരാഷ്ട്ര തലത്തില്‍ വീണ്ടും നേട്ടം കരസ്തമാക്കി ആര്‍ആര്‍ആര്‍. ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് ആര്‍ആര്‍ആര്‍ നേടിയിരിക്കുന്നത്. ഈ അവാര്‍ഡുകളില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള അവാര്‍ഡാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്.
ക്രിട്ടിക്സ് ചോയിസ് അവാര്‍ഡിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് തന്നെ അവാര്‍ഡിന്റെ 28മത് പതിപ്പില്‍ രണ്ട് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് വന്നിട്ടുണ്ട്. നാട്ടു, നാട്ടു ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരം ലഭിച്ചത്.
പുരസ്കാരം ഏറ്റുവാങ്ങിയ എസ്എസ് രാജമൗലി ഈ വിജയം അമ്മയ്ക്കും ഭാര്യയ്ക്കും സമര്‍പ്പിക്കുന്നതായി പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസത്തെക്കാള്‍ തന്നെ കഥാപുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ച് തന്റെ ഭാവന വളര്‍ത്തിയത് അമ്മയാണ്. ഒപ്പം ഭാര്യ രമ തന്‍റെ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനര്‍ മാത്രമല്ലെന്നും തന്റെ ജീവിതത്തിന്റെ ഡിസൈനറാണെന്നും രാജമൗലി അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയത് ‘നാട്ടു നാട്ടു’ എന്ന പാട്ടാണ്. ആർആർആർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നൽകിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.