എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനില്‍ വീണ്ടും അന്താരാഷ്ട്ര മത്സരം ; ലോക ഇലവന് ഇന്നു തുടക്കം

കറാച്ചി : നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ സജീവമാകുന്നതിന്റെ ഭാഗമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ട്വന്റി-20 മത്സരങ്ങള്‍ക്ക് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും.

പാക്കിസ്ഥാനും ലോക ഇലവനും തമ്മില്‍ മൂന്ന് മത്സരങ്ങളാണ് തീരുമാനിച്ചത്. ആദ്യ കളി ഇന്ന് രാത്രി 7.30 ന് ആരംഭിക്കും.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അണി നിരക്കുന്ന ലോക ഇലവന്‍ തിങ്കളാഴ്ച്ച രാവിലെ ലഹോറിലെത്തി.

2009 മാര്‍ച്ചില്‍ ഇതേ സ്‌റ്റേഡിയത്തിന് പുറത്തുവെച്ചായിരുന്നു ശ്രീലങ്കന്‍ ടീമിനെതിരെ തീവ്രവാദികളുടെ ആക്രമണമുണ്ടാകുന്നത്.

ശേഷം രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഒറ്റപ്പെട്ട പാക്കിസ്ഥാനിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് കളിക്കാന്‍ ടീമുകളൊന്നും വരാതെയായി. 2015-ല്‍ സിംബാവെ പര്യടനത്തിനെത്തിയതൊഴിച്ചാല്‍ ആരും പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് തയ്യാറായിരുന്നില്ല.

ലോക ഇലവനിലെ താരങ്ങള്‍ക്ക് 10,000 യുഎസ് ഡോളര്‍ (63 ലക്ഷം രൂപ) പ്രതിഫലം നല്‍കിയാണ് ഐസിസിയുടെ അനുമതിയോടെ പിസിബി മത്സരം നടത്തുന്നത്.

Top