ഇസ്രായേലിനെതിരായ വംശഹത്യ കേസ് തള്ളില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: ഗാസയില്‍ ഇസ്രയേല്‍ വശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ ഇടക്കാല വിധി പ്രഖ്യാപിച്ച് കോടതി. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ബന്ധമായി അനുവാദം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഐ.സി.ജെയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി വംശഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചു.

ഐ.സി.ജെയുടെ ഇടക്കാല ഉത്തരവിനെ പലസ്തീന്‍ സ്വാഗതം ചെയ്തു. മനുഷ്യത്വത്തോടും അന്താരാഷ്ട്ര നിയമങ്ങളോടും ചേര്‍ന്ന് പോകുന്നതാണ് ഇടക്കാല വിധിയെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐ.സി.ജെയുടെ വിധി ഇസ്രയേലിനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.

വിധിയെ ‘അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍ണ്ണായകവിജയം’ എന്ന് വിശേഷിപ്പിച്ച ദക്ഷിണാഫ്രിക്ക, പലസ്തീന്റെ നീതിക്കായുള്ള യാത്രയിലെ നാഴികക്കല്ലാണ് വിധിയെന്നും പറഞ്ഞു. ഗാസയിലെ പലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായുള്ള നടപടികള്‍ തുടരുമെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.

Top