ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിതാ ക്രിക്കറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം. വനിതാ ക്രിക്കറ്റിന്റെ സംശുദ്ധിയും താരങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നും ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
ഐസിസി തീരുമാനം പുറത്തുവന്നതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാനഡ വനിതാ ട്വന്റി 20 ടീമംഗവും ട്രാന്‍സ്ജെന്‍ഡര്‍ താരവുമായ ഡാനിയേല മക്കെ ഐസിസി തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കൂടുതല്‍ താരങ്ങള്‍ തീരുമാനത്തിനെതിരേ രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാനഡയ്ക്കു വേണ്ടി ആറ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിയേല. വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ താരമെന്ന ബഹുമതിയും അന്ന് ഡാനിയേല സ്വന്തമാക്കിയിരുന്നു.
ഇതോടെ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളെ വനിതാ സ്പോര്‍ട്സില്‍ നിന്ന് വിലക്കുന്ന അഞ്ചാമത്തെ കായിക സംഘടനയായി ഐസിസി. നേരത്തെ റഗ്ബി യൂണിയന്‍, നീന്തല്‍, സൈക്ലിങ്, അത്ലറ്റിക്സ് എന്നിവയില്‍ വനിതാ വിഭാഗം താരങ്ങള്‍ക്കൊപ്പം മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളെ വിലക്കിയിരുന്നു.