പെണ്‍കുട്ടികളോടുള്ള ഇന്ത്യയുടെ മനോഭാവം വളരെ മോശമെന്ന് ജൗമി സാന്‍ലോറന്റേ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ദിവസം ആഘോഷിക്കുമ്പോള്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഇന്ത്യയില്‍ തുല്യത ഉണ്ടാക്കിയെടുക്കാന്‍ പര്യാപ്തമല്ലെന്ന് മുംബൈയിലെ സ്‌മൈല്‍സ് സ്ഥാപകനും സ്പാനിഷ് മാധ്യമപ്രവര്‍ത്തകനുമായ ജൗമി സാന്‍ലോറെന്റേ.

പെണ്‍കുട്ടികളോടുള്ള മനോഭാവത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തില്‍ തന്നെ വളരെ പിന്നോക്കം നില്‍ക്കുന്ന രാജ്യമാണെന്ന് അദ്ദേഹം വിലയിരുത്തി. സ്‌മൈല്‍സിന്റെ സ്പാനിഷ് പരിപാടിയുടെ പേര് തന്നെ ഗേള്‍ എന്നാണ്. പെണ്‍കുട്ടിയായി പിറന്ന ഒരാളുടെ ജീവിതം എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാകുന്നത് എന്നാണ് ഗേള്‍ കണ്ടെത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ വിജയകരമായ പരിപാടി ഇന്ത്യയിലും സജ്ജീവമാക്കാനാണ് ജൗമി സാന്‍ലോറന്റെ ഉദ്ദേശിക്കുന്നത്. വിവിധ സംഘടനകളുടെ പങ്കാളിത്തവും സഹകരണവും ഇന്ന് മുംബൈ സ്‌മൈല്‍സിനുണ്ട്‌.

സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ എല്ലാവരും നയങ്ങളെയും രാഷ്ട്രീയക്കാരെയും പഴിക്കുകയാണ്. എന്നാല്‍, അതിനപ്പുറം ജനങ്ങളുടെ മനസ്സുകളില്‍ നിന്നു തന്നെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകണമെന്ന് ജൗമി പറയുന്നു. സ്ത്രീകളുടെ ജോലികളെക്കുറിച്ച് ചിന്തിക്കുന്നവര്‍ അവരുടെ അവകാശങ്ങളെക്കുറിച്ചു കൂടി ചിന്തിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നതു കൊണ്ട് ആളുകള്‍ ഉദ്ദേശിക്കുന്നത് അവരുടെ അക്കാദമിക്ക് വിദ്യാഭ്യാസം മാത്രമാണ്. എന്നാല്‍ അതിനപ്പുറം പരസ്പരം എങ്ങനെ പെരുമാറണമെന്ന് ഇരു വിഭാഗങ്ങള്‍ക്കും മനസ്സിലാക്കി കൊടുക്കേണ്ടതും വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് ജൗമി പറഞ്ഞു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികളോടുള്ള മനോഭാവം പോസിറ്റീവാകാന്‍ ഇന്ത്യയ്ക്ക് ഏറെ മുന്നോട്ട് പോകേണ്ടി വരുമെന്നും നിലവിലെ പദ്ധതികള്‍ അതിന് അപര്യാപ്തമാണെന്നും ജൗമി സാന്‍ലോറെന്റേ വിശദീകരിച്ചു.

Top