പനാജി: അമ്പത്തിയൊന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള(ഐ എഫ് എഫ് ഐ)യ്ക്ക് നാളെ തിരിതെളിയും. ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. നവംബർ മാസത്തിൽ നടത്തിയിരുന്ന മേള ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ മേളയിൽ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാം. ആകെ 224 സിനിമകളാണ് പ്രദർശിപ്പിക്കുക. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവരാണ് ജൂറി അംഗങ്ങൾ.
ഉദ്ഘാടന ചിത്രം ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ ‘അനതർ റൗണ്ടും’ സമാപന ചിത്രം കിയോഷി കുറസോവയുടെ ‘വൈഫ് ഓഫ് എ സ്പൈ’ യുമാണ്. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ. മത്സരവിഭാഗത്തിൽ ഇത്തവണ മലയാളചിത്രങ്ങളില്ല. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, അൻവർ റഷീദിന്റെ ഫഹദ് ഫാസിൽ ചിത്രം ‘ട്രാൻസ്’, നിസാം ബഷീർ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽ നിന്ന് ഇടംപിടിച്ച ചിത്രങ്ങൾ.
ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഇടംപിടിച്ച ചിത്രം. ജയറാം കുചേലനായി വേഷമിടുന്ന സംസ്കൃത സിനിമ ‘നമ’യും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ധനുഷും മഞ്ജുവാരിയരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം ‘അസുരൻ’, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്സി പന്നു, ഭൂമി പഡ്നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം ‘സാൻഡ് കി ആംഗ്’ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റുചിത്രങ്ങൾ.