പനജി: അൻപത്തൊന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും . ഡോ ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോറയത്തിൽ വെച്ച് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യ പ്രസാദ്, നീരജ ശേഖർ(അഡീഷണൽ സെക്രട്ടറി, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. രാജ്യാന്തരമേളയുടെ പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും. മികച്ച സിനിമ, സംവിധായിക / സംവിധായകൻ, മികച്ച നടി, മികച്ച നടൻ, മികച്ച നവാഗത സംവിധായകൻ/ സംവിധായിക തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച ചിത്രത്തിന് 40 ലക്ഷവും പ്രശസ്തി പത്രവും അടങ്ങുന്ന സുവർണമയൂര പുരസ്‌കാരം ലഭിക്കും. മികച്ച സംവിധായകന് രജത മയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനതുക. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിലുണ്ടായിരുന്ന ഇന്ത്യൻ ചിത്രങ്ങൾ. മത്സരവിഭാഗത്തിൽ ഇത്തവണ മലയാള ചിത്രങ്ങളുണ്ടായിരുന്നില്ല. പോർച്ചുഗൽ, ഇറാൻ, ഡെൻമാർക്ക്, ഫ്രാൻസ്, തയ്വാൻ, സ്പെയിൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു മറ്റ് എൻട്രികൾ. കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് രീയിലാണ് മേള സംഘടിപ്പിച്ചത്. 2,500 പേർക്ക് മാത്രമാണ് തിയറ്ററുകളിൽ സിനിമ കാണാനുള്ള അവസരം ഒരുക്കിയത്. വെർച്വൽ പ്ലാറ്റ്‌ഫോമിലും ഏതാനും ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മാസ്റ്റർ ക്ലാസ്, ഇൻകോൺവർസേഷൻ വിഭാഗങ്ങൾ ഓൺലൈനിൽ കാണാനും അവസരമൊരുക്കിയിരുന്നു.
ആകെ 224 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലദേശ്) എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.