പനജി: അമ്പത്തൊന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ അന്തരിച്ച വിഖ്യാത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരം. അദ്ദേഹത്തിന്റെ ഓർമയ്ക്കായി സിഗരം എന്ന ചിത്രം പ്രദർശിപ്പിച്ചു. 1991 ൽ പുറത്തിറങ്ങിയ സിഗരത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തതും ആറോളം ഗാനങ്ങൾ ആലപിച്ചതും എസ്.പി.ബിയായിരുന്നു. കൂടാതെ അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഹോമേജ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഗാന്ധി (ബാനു അത്തയ്യ), എക്സ്ട്രിമിലി ലൗഡ് ആന്റ് ഇൻക്രെഡിബിളി ക്ലോസ് (വോൺ സിഡോ), ദബാഗ് (വാജിദ് ഖാൻ), ചിലിക തീരേ (ബിജയ് മൊഹന്തി) തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
മേളയുടെ നാലാം ദിനം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഷിൻ സുവോൺ സംവിധാനം ചെയ്ത കൊറിയൻ ചിത്രം ലൈറ്റ് ഓഫ് യൂത്തും ലിയനാർഡോ മെഡെയുടെ ചിലിയൻ ചിത്രം ലാ വെറോണിക്കയും പ്രദർശിപ്പിച്ചു. കോർപ്പറേറ്റ് ലോകത്തെ അതിജീവനത്തിന് മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയും കുത്തക മുതലാളിമാരുടെ മനുഷ്യത്വരഹിതമായ നയങ്ങളിലേക്കും ചിത്രം കടന്നു ചെല്ലുന്നു. സ്വന്തം മകളുടെ കൊലപാതകത്തിന് അന്വേഷണം നേരിടേണ്ടി വരുന്ന അതി പ്രശ്തയായ ഒരു മോഡലിന്റെ തകർച്ചയാണ് വെറോനിക്കയുടെ ഇതിവൃത്തം. മറിയാനാ ഡി ഗിരോമോല, ആന്റോണിയ ജീസെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇൻകോൺവർസേഷനിലെ വിവിധ ചർച്ചകളിൽ സംവിധായകരായ ഫറോഡൂൺ ഷയാർ, ആദിത്യ വിക്രം സെൻ ഗുപത, തൻവീർ മക്മൽ എന്നിവർ പങ്കെടുത്തു. കൺട്രിഫോക്കസ് വിഭാഗത്തിൽ സഹീദുർ റഹീം അൻജന്റെ മേഘമല്ലാർ പ്രദർശിപ്പിച്ചു. ഇന്ത്യൻ പനോരമയിൽ ഫീച്ചർ വിഭാഗത്തിൽ സിദ്ദിഖ് പറവൂരിന്റെ മലയാള ചിത്രം താഹിറ ഇന്ന് പ്രദർശനത്തിനെത്തും. ബോബി വഹെൻഗ്ബമിന്റെ ഐഗി കോന, നിതേഷ് തിവാരിയുടെ ഛിചോരെ എന്നിവയാണ മറ്റു ചിത്രങ്ങൾ. നോൺ ഫീച്ചർ വിഭാഗത്തിൽ ഫറാ ഖതുന്റെ ഹോളി റൈറ്റ്‌സ്, പ്രമതി ആനന്ദിന്റെ ജാത് ആയി ബസന്ത്, ഇൻവെസ്റ്റിംഗ് െൈലഫ് എന്നിവ പ്രദർശിപ്പിക്കും.ഹോമേജ് വിഭാഗത്തിൽ ദേവദാസ് (സരോജ് ഖാൻ), ലാഡ്‌സ് ഓഫ് ഗോഡ് (ഗൊരാൻ പസ്‌കാജെവിക്), ദൊംബിവാലി ഫാസറ്റ് (നിഷികാന്ത് കാമത്ത്), ബസന്ത് ബഹർ (നിമ്മി, കുങ്കും), താരാ (അജിത് ദാസ്) തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും.