തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ നടക്കുന്ന 21-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും പ്രതിനിധികള്‍ക്ക് 500 രൂപയുമാണ് ഫീസ്. ഈമാസം 25ന് രജിസ്‌ട്രേഷന്‍ സമാപിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേളയുടെ വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാം. 25നു ശേഷം പാസുകള്‍ ശേഷിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ 700 രൂപയ്ക്കു റജിസ്റ്റര്‍ ചെയ്യാം. വൈകി റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളും 700 രൂപ നല്‍കണം. ഇത്തവണത്തെ അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക കോളം ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ എന്ന പേരില്‍ ഒട്ടേറെപ്പേര്‍ വ്യാജ തിരിച്ചറിയല്‍ രേഖ ഹാജരാക്കി പാസ് സംഘടിപ്പിച്ച സാഹചര്യത്തില്‍ ഇത്തവണ കര്‍ശന പരിശോധനയ്ക്കു ശേഷമേ പാസ് നല്‍കുകയുള്ളൂവെന്നും കമല്‍ അറിയിച്ചു.
രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്വേഷിച്ച് വിദ്യാര്‍ഥിയെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും പാസ് നല്‍കുക. ഈ നടപടിക്കു മൂന്നു ദിവസമേ എടുക്കൂ. 13000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക.
മേളയില്‍ നൂറ്റിയെണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് തന്നെ മേളയില്‍ ഉണ്ടാകും. ഭിന്ന ലിംഗക്കാര്‍ക്ക് തീയറ്ററുകളില്‍ പ്രത്യേക ടോയ്‌ലറ്റ് സൗകര്യവും ഒരുക്കുന്നതാണ്. പലായനം ആണ് മേളയുടെ മുഖ്യ വിഷയം. പലായനം സംബന്ധിച്ച ചിത്രങ്ങളുടെ പായ്‌ക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു കമല്‍ പറഞ്ഞു.
നിശാഗന്ധിയിലാണ് ഉദ്ഘാടന-സമാപന ചടങ്ങുകള്‍. ഉദ്ഘാടന ചിത്രം കാണാന്‍ ആദ്യമത്തെുന്ന 2500 പേര്‍ക്കേ അവസരമുണ്ടാകൂ. നിശാഗന്ധിയില്‍ ഇത്തവണ ഓപണ്‍ എയര്‍ തിയറ്ററാണ്. വൈകുന്നേരങ്ങളില്‍ മാത്രമേ ഇവിടെ പ്രദര്‍ശനമുണ്ടാകൂ. നിശാഗന്ധിയെ കൂടാതെ 13 തിയറ്ററുകളാണുള്ളത്.
മേളക്ക് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൂറിങ് ടാക്കീസ് വിവിധ സ്ഥലങ്ങളില്‍ സിനിമാ പ്രദര്‍ശനം നടത്തും. ഡിസംബര്‍ നാലിന് തിരുവനന്തപുരം ശംഖുംമുഖത്ത് ഇത് സമാപിക്കുമെന്നും കമല്‍ അറിയിച്ചു.