ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്ത് കുറഞ്ഞ ശമ്പളം വാങ്ങിക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍. അന്താരാഷ്ട്ര തൊഴിലാളി സംഘടന നടത്തി പഠനത്തിലാണ് കണ്ടെത്തല്‍. ബംഗ്ലാദേശിനെ മറികടന്നാണ് ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. ഒരാഴ്ച്ച 48 മണിക്കൂറിന് മുകളില്‍ ഇന്ത്യയിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും ഐ.എല്‍.ഒ പുറത്തിറക്കിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉപ-സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ഏറ്റവും കുറവ് ശമ്പളമാണ് ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതെന്നും പഠനത്തില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ ദീര്‍ഘമേറിയ ജോലി സമയമുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഗാംമ്പിയ, മങ്കോളിയ, മാലിദ്വീപ്, ഖത്തര്‍ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ചൈനയില്‍ 46 മണിക്കൂറും ബ്രിട്ടണില്‍ 36 മണിക്കൂറും, അമേരിക്കയില്‍ 37 മണിക്കൂറും ഇസ്രോയേലില്‍ 36 മണിക്കൂറുമാണ് ഒരു തൊഴിലാളിയുടെ ഏകദേശ ജോലി സമയം. നഗരപ്രദേശങ്ങളിലെ ശമ്പളമുള്ള തൊഴിലാളികള്‍, ഗ്രാമപ്രദേശങ്ങളേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതായും സ്ത്രീകളേക്കാളും പുരുഷന്മാരാണ് ദീര്‍ഘമായി ജോലി ചെയ്യുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ഗ്രാമീണ ഇന്ത്യയില്‍ പുരുഷന്മാര്‍ 48 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ 37 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. ദിവസ വേതന, ശമ്പളമുള്ള ജോലിക്കാരുടെ കാര്യത്തില്‍ ഗ്രാമീണ പുരുഷന്മാര്‍ ആഴ്ചയില്‍ 52 മണിക്കൂറും സ്ത്രീകള്‍ 44 മണിക്കൂറും ജോലി ചെയ്യുന്നു. സാധാരണ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗ്രാമീണ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ 39 മണിക്കൂര്‍ ജോലിചെയ്യുന്നു.
നഗരപ്രദേശങ്ങളില്‍, സ്വയം തൊഴില്‍ ചെയ്യുന്ന പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലി ചെയ്യുന്നു. ശമ്പളമുള്ള ജോലിക്കാരും ദിവസ വേതനം ലഭിക്കുന്ന പുരുഷന്മാരും ആഴ്ചയില്‍ 53 മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ സ്ത്രീകള്‍ 46 മണിക്കൂര്‍ ജോലി ചെയ്യുന്നു. സാധാരണ തൊഴിലാളികളുടെ കാര്യത്തില്‍, നഗര ജോലിക്കാര്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ സ്ത്രീകള്‍ 38 മണിക്കൂര്‍ ജോലി ചെയ്യുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.