മനുഷ്യനെ വിഴുങ്ങി കൊറോണ: മരണം 304, രോഗം സ്ഥിരീകരിച്ചത് 14380 പേര്‍ക്ക്, ജാഗ്രത !

ബെയ്ജിങ്: ഭീതി പടര്‍ത്തി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. 14380പേരാണു രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ചൈനയ്ക്ക് പുറമെ 27രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ഇവര്‍ക്ക് ആറ് മാസത്തേക്ക് പ്രത്യേക കരുതല്‍ പ്രഖ്യാപിച്ചു.

രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 1793 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വുഹാന്‍ മേഖലയില്‍ നിന്നും നേരത്തെ എത്തിയവരും ഇപ്പോള്‍ എത്തിയവരും ഇതിലുള്‍പ്പെടും. ആശുപത്രികളിലെ ഐസൊലേഷന്‍
വാര്‍ഡുകളില്‍ കഴിയുന്നത് 71 പേരാണ്.

അതേസമയം കൊറോണ പടരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. വിദ്യാര്‍ഥികളടക്കം 323 പേരാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ 3.10ന് വുഹാനില്‍നിന്ന് പുറപ്പെട്ട വിമാനം 9.20 ന് ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്. മലയാളി വിദ്യാര്‍ഥികളും വിമാനത്തിലുണ്ട്.ഇന്നലെ 42മലയാളികള്‍ ഉള്‍പ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്‌.

Top