കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് ഓരോ രാജ്യങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ ഇതാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അര്‍ജന്റീന. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. മാര്‍ച്ച് 31വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് അല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് അര്‍ജന്റീന.അതേസമയം രാജ്യത്തിന്റെ അതിര്‍ത്തികള്‍ നേരത്തെ തന്നെ അടച്ചിരുന്നു. ഗതാഗത മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
നിലവില്‍ മൂന്ന് പേരാണ് അര്‍ജന്റീനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതുവരെ 128 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യതലസ്ഥാനമായ ബുവാനസ് ഐറിസിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.
അതേസമയം കലിഫോര്‍ണിയയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. ജനങ്ങളോട് വീടുകളില്‍ തുടരണം,അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങരുതെന്നും കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ട നിമിഷമാണിതെന്നും നാം യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഉത്തരവ് പ്രകാരം അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങുന്നതിനും നടക്കാനും വ്യായാമം ചെയ്യാനും മാത്രം വീട് വിട്ട് പുറത്ത് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ഇതുവരെ കലിഫോര്‍ണിയയില്‍ ആയിരത്തോളം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 19 പേരാണ് മരണപ്പെട്ടത്.