യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ആഗോള എണ്ണ ഉത്പാദകരില്‍ നിര്‍ണായക സ്ഥാനമാണ് റഷ്യക്കുള്ളത്.
യുക്രൈന്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്. വിമത മേഖലകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചു. റഷ്യയുടെ നടപടിയെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സമാധാന നീക്കങ്ങള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചാണ് ഡൊണെസ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍, ഇവിടങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സൈന്യത്തെ അയക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറഞ്ഞു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അതിന് ആരെയും അനുവദിക്കില്ലെന്നുമാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.