മാധ്യമപ്രവര്‍ത്തകരുടെ കൊലക്കളമായി ഗാസ മാറുന്നതായി അന്താരാഷ്ട്ര സംഘടനകള്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ദിവസേന ഒരാള്‍ എന്ന തോതില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതായാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് എന്ന സംഘടയുടെ കണക്ക്. 1992-ല്‍ സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ഏറ്റവും മാരകമായ സംഘര്‍ഷമാണ് ഗാസയിലേതെന്ന് സിപിജെ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കാറില്ലെന്ന് ഇസ്രയേലി സൈന്യം അവകാശപ്പെടുമ്പോഴും റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ അന്വേഷണത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞിരുന്നു. കുറഞ്ഞത് പത്ത് മാധ്യമപ്രവര്‍ത്തകരെങ്കിലും ജോലിക്കിടെയാണ് കൊല്ലപ്പെട്ടതെന്ന് സംഘടന പറയുന്നു. ഇതിനുപുറമെ ഇസ്രയേല്‍ സൈന്യം മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ മറ്റ് തെളിവുകളും പുറത്തുവന്നിട്ടുണ്ട്.ഒക്ടോബര്‍ ഏഴിനുശേഷം 39 മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് സിപിജെയുടെ കണക്ക്. കൊല്ലപ്പെട്ടവരില്‍ 34 പേര്‍ വിവിധ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങള്‍ക്കുവേണ്ടി ഫ്രീലാന്‍സായി ജോലിനോക്കിയിരുന്ന പലസ്തീന്‍ മാധ്യമപ്രവത്തകരാണ്. നാല് പേര്‍ ഇസ്രയേലികളും ഒരാള്‍ ലെബനന്‍ സ്വദേശിയുമാണ്. ഹമാസ് കഴിഞ്ഞ മാസം ആദ്യം നടത്തിയ ആക്രമണത്തിലാണ് നാല് ഇസ്രായേലി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. വാഹനങ്ങളിലും ശരീരത്തിലും മാധ്യമപ്രവര്‍ത്തകരുടെ അടയാളങ്ങള്‍ ഉണ്ടായിട്ടുപോലും ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നുവെന്ന പരാതി വ്യാപകമാണ്.
മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ന്യായമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗാസയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷാ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ഇസ്രയേല്‍ സൈന്യം ചില അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.