ഇന്ന് ലോക വനിതാ ദിനം

ന്ന് ലോക വനിതാ ദിനം. പെണ്‍ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിന്റെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വര്‍ഷവും ഓരോ ആശയങ്ങള്‍ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വര്‍ത്തമാനകാലമെന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.

1908ല്‍ 15000ല്‍ അധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗര ഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്ന പ്രധാന ആവശ്യങ്ങള്‍. ഈ പ്രക്ഷോഭമാണ് ലോക വനിതാ ദിനത്തിന് വഴിയൊരുക്കിയത്.

അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ലോക വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ഈ ദിനത്തെ ഒരു അന്തര്‍ദേശീയദിനമാക്കി മാറ്റുക എന്ന ആശയം ക്ലാരാ സെക്ടിന്‍ എന്ന ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്വചിന്തകയുടേതാണ്. 1911ല്‍ ഓസ്ട്രിയയിലും ഡെന്‍മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്സര്‍ലന്റിലുമാണ് ലോക വനിതാ ദിനം ആദ്യം ആഘോഷിച്ചത്.

1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ബ്രെഡ് ആന്‍ഡ് പീസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സമരത്തിനൊടുവില്‍ സര്‍ ചക്രവര്‍ത്തി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതോടെയാണ് മാര്‍ച്ച് 8 ലോക വനിതാ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. 1975 ലാണ് ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനം അംഗീകരിച്ചത്.

 

Top