അബലയല്ല, ‘സ്ത്രീ’ കരുത്തിന്റെ പുതിയ മുഖം; ഉയര്‍ന്ന് കൊണ്ടേയിരിക്കും ഇനി ആ പെണ്‍ശബ്ദം

കാലം മാറി ഒപ്പം സ്ത്രീ എന്ന സങ്കല്‍പ്പവും, ഒരു കാലഘട്ടത്തില്‍ അബലയെന്നും അശക്തയെന്നുമായിരുന്നു സ്ത്രീയുടെ നിര്‍വചനം. എന്നാല്‍ ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുമ്പോള്‍ സ്ത്രീ എന്നത് വളര്‍ച്ചയുടെ, ഉയര്‍ച്ചയുടെ വന്‍കൊടുമുടികളാണ്. അടിച്ചമര്‍ത്തപ്പെടുത്തുന്ന ഒരു സ്ത്രീ വിഭാഗം ഇന്നും ഉണ്ട് എന്നത് സത്യം തന്നെ പുറം ലോകം കാണാന്‍ കഴിയാതെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ‘കുടുംബിനി’ എന്ന വിശേഷണത്തോടെ കഴിഞ്ഞ് കൂടുന്ന എത്രയോ സ്ത്രീകള്‍.

പക്ഷേ തനിക്ക് ചുറ്റുമുള്ള ചങ്ങലകളെയെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വെച്ച് പറക്കുന്ന സ്ത്രീ സമൂഹവും അക്കൂട്ടത്തിലുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിനേക്കാള്‍ ഇക്കൂട്ടരാണ് മുന്‍പന്തിയിലുളളത്. തന്റെ അവകാശങ്ങളെന്താണെന്നും അത് എങ്ങനെ നേടിയെടുക്കാമെന്ന തിരിച്ചറിവും സ്ത്രീ ഇന്ന് ആര്‍ജിച്ച് കഴിഞ്ഞു. തന്റെ ഇഷ്ടങ്ങളേയും സ്വപ്‌നങ്ങളേയും കുഴിച്ച് മൂടാതെ അവ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുമ്പോള്‍ അഭിമാനിക്കാം ഓരോ സ്ത്രീക്കും. ആരുടെയും മുന്നില്‍ തല കുനിക്കേണ്ടവരോ, ആരുടെയും അവഹേളനങ്ങള്‍ ഏല്‍ക്കേണ്ടവരോ അല്ല സ്ത്രീകള്‍. ആരുടെയും കാരുണ്യത്തില്‍ ജീവിക്കേണ്ടവരോ, ആരാലും ആക്രമിക്കപ്പെടേണ്ടവരോ അല്ല സ്ത്രീകള്‍.

വെറും ആഘോഷമായി മാത്രം കാണാതെ ഈ ദിവസത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓര്‍മ്മിക്കുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിപ്ലവ ചരിത്രമുണ്ട് ഈ ദിനത്തിനെന്നത് പലര്‍ക്കും അന്യമാണ്. അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വനിതാ ദിനത്തിന്റെ പ്രസക്തി ഏറുകയാണ്.

1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ സമ്മേളനത്തില്‍ തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ ദിനം ആചരിച്ചു.

1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ഇന്നും വര്‍ഷം തോറും വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. പക്ഷെ ഇത് ഒരു ആഘോഷമല്ല, സ്ത്രീ പ്രശ്നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഇതിനെ കാണേണ്ടത്. ഒരു ദിവസത്തെ അജന്‍ഡയായി മാത്രം ഇത് അവസാനിക്കാന്‍ പാടില്ല.

Top