മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; ഒക്ടോബര്‍ 21 വരെയാണ് നിരോധനം

ഇംഫാല്‍: വര്‍ഗീയ കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബര്‍ 21 വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടിയിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആള്‍ക്കൂട്ട ആക്രമണം, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഡിജിപി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

മണിപ്പൂരില്‍ നിലവിലുള്ള അക്രമങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആക്കം കൂട്ടുമെന്നും ഒക്ടോബര്‍ 21 ന് രാത്രി 7:45 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top