ജനാധിപത്യത്തില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വലിയ പ്രാധാന്യം ഇന്നുണ്ട്. അവകാശ സംരക്ഷണ നിയമ സംഹിതകളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള അവകാശവും ഒരു പ്രധാന ഘടകമാണ്. രാജ്യത്തെ ഭരണ വ്യവസ്ഥിതിയെ ഇല്ലാതാക്കാനും നിലനിര്‍ത്താനും ഒരു പരിധിവരെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ട്.
എന്നാല്‍, കുറച്ചു നാളുകളായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ഇന്റര്‍നെറ്റ് സംവിധാനം അനിയന്ത്രിതമായി നിര്‍ത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടായി. ഈ പ്രവണതയ്ക്ക് മൂക്കു കയറിടാന്‍ തയ്യാറായിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യം ഇല്ലാതെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ നിയമ പ്രകാരം ഭരണകൂടത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മുതല്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ വരെ റദ്ദാക്കാം. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തകര്‍ക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ചില സംഘടനകള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തയിരിക്കുന്നത്.
ടെലിഫോണ്‍ നിയമ പ്രകാരം താല്ക്കാലികായി ടെലിഫോണ്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാവുന്നതാണ്. എന്നാല്‍, ഇതിന് വ്യക്തമായ കാരണം വേണം. ഈ വര്‍ഷം ആദ്യം രാജസ്ഥാനില്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി രണ്ട് ദിവസമാണ് ഇന്‍ര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കിയത്. ലോക്കല്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്നതിനിടെ ക്രമക്കേടുകള്‍ തടയുന്നതിനായിട്ടായിരുന്നു ഇത്.
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍, ഇന്റര്‍നെറ്റ് സ്വാതന്ത്രസംരക്ഷണ രംഗത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ്. ഇവരുടെ നിരന്തര ആവശ്യങ്ങളും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും അടിയന്തരസാഹചര്യത്തില്‍ മാത്രമേ ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നിര്‍ത്തി വയ്ക്കാന്‍ സാധിക്കൂ.
ബിസിനസ് രംഗത്തെ മാത്രമല്ല, ഇന്ത്യയുടെ ആകെ സാമ്പത്തിക ക്രമത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. 2012 മുതല്‍ 2017 വരെയുള്ള കണക്കു പ്രകാരം 3 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഇന്റര്‍നെറ്റ് നിയന്ത്രണം കൊണ്ട് മാത്രം രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കാഷ്ലെസ് എക്കണോമിയെ വലിയ അളവില്‍ പിന്താങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാണ്.
144-ാം വകുപ്പ് തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും എന്നാണ് വിവിധ സംഘടനകള്‍ പറയുന്നത്. ചെറിയ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ ഇന്റര്‍നെറ്റ് റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ല.
രാജസ്ഥാന്‍, ജമ്മു-കശ്മീര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ അകാരണമായി നിര്‍ത്തി വയ്ക്കാറുള്ളത്. 2017 ജൂലൈ മുതല്‍ 2018 മെയ് വരെയുള്ള കണക്കു പരിശോധിച്ചാല്‍ രാജസ്ഥാനില്‍ 40 തവണയാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് റദ്ദാക്കിയിട്ടുള്ളത്.
വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും വിപ്ലവകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞു. ഭരണ കൂടം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ തോന്നിയ പോലെ ഇന്റര്‍നെറ്റ് അവകാശം നിഷേധിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഈ തിരിച്ചറിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി