വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ് യാത്രാവിലക്ക് കടുപ്പിക്കണമെന്ന അഭിപ്രായവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ലണ്ടന്‍ പോലീസ് സ്‌ഫോടനം തടയാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് ട്രംപ് പറഞ്ഞു.
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എന്നാല്‍ ഒരുപക്ഷെ ഇത് രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. യാത്രാവിലക്ക് കടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ 8.20 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ സ്‌ഫോടനം തടയാമായിരുന്നു എന്ന ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിക്കാന്‍ സ്‌കോട്ടലന്‍ഡ് യാര്‍ഡ് തയ്യാറായിട്ടില്ല.
കൂടുതല്‍ കടുപ്പമേറിയതും കൃത്യതയുള്ളതുമായ യാത്രാവിലക്കിനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ യു എസില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി മാര്‍ച്ച് ആറിന് ട്രംപ് ഉത്തരവിറക്കിയിരുന്നു.
90 ദിവസത്തെ യാത്രാവിലക്കിന്റെ കാലാവധി സെപ്റ്റംബര്‍ അവസാനത്തോടെ കഴിയും. അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 120 ദിവസത്തെ നിരോധനത്തിന്റെ കാലാവധി അടുത്തമാസത്തോടെയും അവസാനിക്കും.
വിലക്കുകള്‍ പുതുക്കുമോ, സ്ഥിരപ്പെടുത്തുമോ അതോ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.