ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയ്‌ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഏജന്‍സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വജ്രവ്യാപാരിയെ അറസ്റ്റുചെയ്ത് രാജ്യത്തെത്തിക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി.ബി.ഐ ഇന്റര്‍പോളിനെ സമീപിച്ചത്.
അന്തര്‍ദേശീയ അറസ്റ്റ് വാറന്റായി പ്രവര്‍ത്തിക്കുന്ന നോട്ടീസ് പ്രകാരം ഇന്റര്‍പോളിന്റെ 192 അംഗരാജ്യങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥന് നീരവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. 13,578 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ നീരവ് മോദിയെയും ബന്ധു മെഹുല്‍ ചോക്സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി രാജ്യംവിട്ടത്. കേസില്‍ നീരവ് മോദിക്കും ബന്ധുക്കള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയാണ്. നീരവ് മോദിയെയും മദ്യരാജാവ് വിജയ് മല്യയെയും ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. എന്നാല്‍, നീരവ് മോദി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്ന് സി.ബി.ഐ അധികൃതര്‍ പറഞ്ഞിരുന്നു.