കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. നാളെയും ചോദ്യം ചെയ്യൽ തുടരും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ, സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സന്ദീപ് നായരും ചേർന്നാണ് യൂണിടാക്കിനെ എത്തിച്ചതെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പരാമർശങ്ങളുടെ പേരിൽ സ്വപ്ന സുരേഷിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന നടത്തിയ പ്രസ്താവനകൾ നിരുത്തരവാദപരവും കുറ്റകരവുമാണ്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. സ്വപ്‍നയുടെ ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയായുധമായി ഉപയോഗിച്ചു. തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ 745 കേസുകളെടുക്കേണ്ടിവന്നെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിലുണ്ട്.ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‍ന നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.