ആറ്റിങ്ങല്‍: സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറികള്‍ കടത്തിക്കൊണ്ടുപോയി മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍.
കന്യാകുമാരി ജില്ലയിലെ തക്കല ഹൃദയപുരം പുളിക്കോളൂര്‍ സ്വദേശി മണികണ്ഠന്‍ (44), തിരുനെല്‍വേലി പാളയംകോട്ട എം.കെ.പി നഗര്‍ തിരുമലസ്ട്രീറ്റില്‍ പളനി (32) എന്നിവരാണ് പിടിയിലായത്. ഒളിവില്‍ പോയ ഒഡിഷ സ്വദേശിക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.
കേരള തിമിഴ്‌നാട് പോലീസിന്റെ സംയുക്ത നീക്കത്തിലാണ് സംഘം വലയിലായത്. വാഹന മോഷണമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഇരുനൂറില്‍ അധികം കേസുകളുള്ള ആളാണ് പിടിയിലായ മണികണ്ഠന്‍.
മംഗലപുരം പെട്രോള്‍ പമ്പിനും ഓഡിറ്റോറിയത്തിനു സമീപത്തുനിന്നും മാസങ്ങള്‍ക്കുമുമ്പ് മോഷണം പോയ ടിപ്പര്‍ ലോറികളെ കുറിച്ച് തിരുവനന്തപുരം റൂറല്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ഒട്ടുമിക്ക വാഹന മോഷണങ്ങളുടേയും പിന്നില്‍ മണികണ്ഠനടങ്ങിയ സംഘമാണെന്ന് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിരുന്നു. തമിഴ്‌നാട് കോയമ്പത്തൂര്‍ ജില്ലയിലെ കാരമടൈ പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത മണികണ്ഠനെ ആറ്റിങ്ങല്‍ എഎസ്പി ആദിത്യയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.