Intolerance in India increased in 2015, says US organisation USCIRF

ന്യൂഡല്‍ഹി: 2015 ല്‍ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കടുത്തവെല്ലുവിളിയാണ് കഴിഞ്ഞ വര്‍ഷം നേരിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മതസ്വാതന്ത്ര്യ ലംഘനങ്ങളും മതസഹിഷ്ണുതയില്‍ ഉണ്ടായ തകര്‍ച്ചയുമാണ് ഇതിന് കാരണമെന്നും യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) പുറത്തിറക്കിയ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഹിന്ദു ദേശീയ സംഘടനകളില്‍ നിന്ന് മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഭീഷണിപ്പെടുത്തല്‍, പീഡനം, ആക്രമണം എന്നിവയ്ക്ക് വലിയ തോതില്‍ വിധേയമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കള്‍ തന്ത്രപരമായി ഈ സംഘടനകളെ പിന്തുണയ്ക്കുകയും പ്രശ്‌നം കൂടുതല്‍ വഷളാക്കുന്ന വിധത്തില്‍ മതങ്ങളെ വിഘടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ മതവിഭാഗങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന രാഷ്ട്രീയ നേതാക്കളേയും മതനേതാക്കളേയും പരസ്യമായ ശാസനയിലൂടെ നിലയ്ക്കുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം വാഷിങ്ടണിലെത്താനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Top