വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് പുതിയ സുരക്ഷ നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചു

നപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇത് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന് സഹായിക്കുന്ന സവിശേഷതയാണ്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് എന്നിവയിലും മറ്റും ബാക്ക് അപ്പ് ചെയ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു. ഇതിനായി ചാറ്റ് ബാക്ക്അപ്പുകളില്‍ കമ്പനി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് നല്‍കുന്നത്. വാട്‌സ്ആപ്പിലെ ചാറ്റുകള്‍ ഇതിനകം തന്നെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അയച്ചയാള്‍ക്കും സ്വീകരിക്കുന്ന ആളിനും അല്ലാതെ മറ്റാര്‍ക്കും ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള സംവിധാനമാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ്. ഇത്തരം മെസേജുകളിലേക്ക് വാട്‌സ്ആപ്പിനോ ഫേസ്ബുക്കിനോ പോലും ആക്‌സസ് ലഭിക്കില്ല. ഇതേ ഫീച്ചര്‍ ബാക്ക് അപ്പിലേക്കും വരുന്നതോടെ ബാക്ക് അപ്പ് ചെയ്യപ്പെടുന്ന ചാറ്റുകളും കൂടുതല്‍ സുരക്ഷിതമാകുന്നു.

ആളുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്കോ ഐക്ലൌഡിലേക്കോ സ്റ്റോര്‍ ചെയ്യുന്ന മെസേജുകളുടെ ബാക്ക് അപ്പുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓപ്ഷന്‍ ലഭിക്കുന്നതോടെ ബാക്ക് അപ്പ് ഡാറ്റ മറ്റൊരാള്‍ക്ക് ആക്‌സസ് ചെയ്ത് മെസേജുകള്‍ എടുക്കാന്‍ സാധിക്കാതെ വരുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജുകളും ബാക്കപ്പുകളും നല്‍കുന്ന ആദ്യത്തെ ആഗോള മെസേജിങ് സേവനമാണ് വാട്‌സ്ആപ്പ്.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ക്രിപ്ഷന്‍ കീ സ്റ്റോറേജിനായി പൂര്‍ണ്ണമായും പുതിയ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട് എന്നും മെസേജിങ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ യുണീക്ക് എന്‍ക്രിപ്റ്റഡ് കീ ഉപയോഗിച്ച് ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ആളുകള്‍ക്ക് ഓട്ടോമാറ്റിക്കായോ ഉപയോക്തൃ പാസ്വേഡ് ഉപയോഗിച്ചോ കീ സുരക്ഷിതമാക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. പാസ്വേഡ് തിരഞ്ഞെടുത്താല്‍ ഹാര്‍ഡ്വെയര്‍ സെക്യൂരിറ്റി മൊഡ്യൂള്‍ (HSM) അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒരു ബാക്കപ്പ് കീ വോള്‍ട്ടിലാണ് കീ സൂക്ഷിക്കുന്നത്. എന്‍ക്രിപ്ഷന്‍ കീകള്‍ സുരക്ഷിതമായി സ്റ്റോര്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന പ്രത്യേകമായ സുരക്ഷിത ഹാര്‍ഡ്വെയറാണ് ഇത്. ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്കപ്പിലേക്ക് ആക്‌സസ് ആവശ്യമുള്ളപ്പോള്‍ എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ച് ആക്‌സസ് ചെയ്യാനും കഴിയും. അതല്ലെങ്കില്‍ എച്ച്എസ്എം ബേസ്ഡ് ബാക്കപ്പ് കീ വോള്‍ട്ടില്‍ നിന്ന് അവരുടെ എന്‍ക്രിപ്ഷന്‍ കീ വീണ്ടെടുക്കാനും ബാക്കപ്പ് ഡീക്രിപ്റ്റ് ചെയ്യാനും പേഴ്ണലൈസ്ഡ് പാസ്വേഡ് ഉപയോഗിക്കാമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

 

 

Top