തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി.ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന.
നിലവില്‍ ഇയാള്‍ മൂന്നാറിനടുത്ത് കേരള-തമിഴ്നാട് അതിര്‍ത്തിക്കു സമീപം ഉള്ളതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണോദ്യോഗസ്ഥനായ എസ്.പി. കെ.എം.ആന്റണി സ്ഥലത്തെത്തിയതായും സൂചനയുണ്ട്.
ഇയാളുടെ ബന്ധുക്കളുടെയും സഹായി ബിനുവിന്റെ ബന്ധുക്കളുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് അന്വേഷണസംഘത്തിന് ഇവര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം സംബന്ധിച്ച സൂചന ലഭിച്ചത്.
ശനിയാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.കേസിലെ പ്രതി ഹരികുമാറിന്റെ സഹോദരന്‍ മാധവന്‍ നായര്‍, ബിനുവിന്റെ മകന്‍, ഇവരുടെ ബന്ധുക്കള്‍ എന്നിവരില്‍നിന്നു അന്വേഷണസംഘം ശനിയാഴ്ച മൊഴിയെടുത്തിരുന്നു.