കൊച്ചി: ബെംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് രാത്രി കേരളത്തിലേക്ക് കൊണ്ട് വരില്ല. ഇരുവരുടെയും സുരക്ഷ അന്വേഷണ സംഘത്തിന് സുപ്രധാനമായതിനാലാണ് കേരളത്തിലേക്ക് മടങ്ങാത്തത്. രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടല്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ ഇരുവരുടെയും ജീവനു ഭീഷണി ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.
ഈ ഒരു സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് ബെംഗളൂരുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് കൈപ്പറ്റി നാളെ രാവിലെ കൊച്ചിയില്‍ എത്തിക്കാനാണു സാധ്യത. ബെംഗളൂരുവിലെ കൊറോമംഗലയിലെ ഹോട്ടലില്‍ നിന്നാണ് സ്വപ്‌ന സുരേഷ് അറസ്റ്റിലായത്.
കേസ് അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്നു വൈകുന്നേരത്തോടെ തീരുമാനിച്ചിരുന്നു. ഇതും നിലവിലുള്ള സാഹചര്യത്തോട് കൂട്ടി വായിക്കേണ്ടതാണ്. ഇതിനിടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസില്‍ സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ നിയോഗിച്ചു. കൊച്ചിയിലെ ഓഫിസിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് എന്‍ഐഎ ഇന്നലെ റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലാണ് എന്നത് പ്രധാനമാണ്. ഇതു പ്രകാരം സ്വര്‍ണക്കടത്തലിന്റെ ഭീകര ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ ഭീകര ബന്ധങ്ങളിലേയ്ക്ക് അന്വേഷണ സംഘത്തിന് എത്തിപ്പെടാനാകുമെന്നാണ് വിലയിരുത്തല്‍.