ബിനോയ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ദുബായ് പൊലീസ് ‘നടപടി’യില്‍ ‘റോ’ ഇടപെട്ടു

binoykodiyeri

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ദുബായ് പൊലീസിന്റെ നടപടി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി (റോ) അന്വേഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന.

ബിനോയ് കോടിയേരിക്ക് അനുകൂലമായുള്ള ദുബായ് പൊലീസിന്റെ സാക്ഷ്യപത്രത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബി.ജെ.പി സംസ്ഥാന ഘടകമാണ് ഇക്കാര്യത്തിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

ഇത്തരമൊരു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ബിനോയിക്ക് ഒറ്റ ദിവസം കൊണ്ട് തരപ്പെടുത്തി കൊടുത്തെന്ന ആരോപണമുള്ള വ്യവസായിയുടെ ഇടപെടലും റോ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ട വിശദീകരണത്തില്‍ ദുബായില്‍ ചെക്ക് കേസ് ഉണ്ടായിരുന്നുവെന്നും കോടതി വഴി അതു പരിഹരിച്ചുവെന്നും പറഞ്ഞിരുന്നു. കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ വസ്തുത കണ്ടുപിടിക്കണമെന്നും കൂടാതെ യു.എ.ഇ ഭരണകൂടത്തില്‍ അനധികൃത സ്വാധീനം വ്യവസായി വഴി നടത്തിയിട്ടുണ്ടെങ്കില്‍ അതും കേന്ദ്രം ഗൗരവമായി കാണണമെന്നതുമാണ് ആവശ്യം.

ഇതോടൊപ്പം ദുബായില്‍ സി.പി.എം നേതാക്കളുടെ മക്കളുടെ സാമ്പത്തിക ഇടപാടുകളുടെയും ബിസിനസ്സിന്റെയും വിശദാംശങ്ങളും കേന്ദ്ര ഏജന്‍സി വഴി കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

തെളിവുകള്‍ ലഭിച്ചാല്‍ സി.പി.എമ്മിനെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന വിഷയമായതിനാല്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പുറത്തുവിടുകയാണ് ബി.ജെ.പി തന്ത്രം.

സാധാരണ രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള അതിപ്രധാനമായ കാര്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളില്‍ നിയോഗിക്കപ്പെടുന്ന വിഭാഗമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ.

വിദേശത്ത് വന്‍ നിക്ഷേപം നടത്തിയ കള്ളപ്പണക്കാരെ സംബന്ധിച്ച നിര്‍ണ്ണായക വിവരം കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നതും റോ ഉദ്യോഗസ്ഥരാണ്.

റിപ്പോര്‍ട്ട്: ടി. അരുണ്‍കുമാര്‍

Top