തിരുവനന്തപുരം: എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇ.ഡിയും സിബിഐയും അന്വേഷണത്തിനു വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോണ്‍ഗ്രസ് കയ്യടിച്ച് പ്രോത്സാഹപ്പിക്കുകയാണെന്നും സിപിഎം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ക്ക് രൂപം നല്‍കുന്നതിലും അതിനൊരു മതനിരപേക്ഷ ഉള്ളടക്കം നല്‍കുന്നതിലും സിപിഎമ്മും ഇടതുപക്ഷവും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അയോധ്യ വിഷയത്തിലടക്കം അതു പ്രതിഫലിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ ഭാഗമാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങെന്ന് ആദ്യം വിലയിരുത്തിയത് സിപിഎമ്മാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടാണെങ്കിലും അതേ സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമായി. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിടാന്‍ മോദി തയാറായിട്ടുള്ളതെന്നും എം.വി. ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ദേശീയ ഏജന്‍സികള്‍ അന്വേഷണ പ്രഹസനം നടത്തുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിനു ഭരണമുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെയാണ് ഇ.ഡിയും കേന്ദ്ര കമ്പനി വകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനി വകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി. രാജീവിനെതിരെയുള്ള ഇ.ഡി നീക്കവും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ഈ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തുന്നതും. ഇതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎമ്മിനെ വേട്ടയാടാന്‍ മോദിക്കും ബിജെപിക്കും പിന്തുണ നല്‍കുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിനു സമാനമാണെന്നും എം.വി. ഗോവിന്ദന്‍ ലേഖനത്തില്‍ പരാമര്‍ശിച്ചു. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. കേന്ദ്ര അവഗണനയ്‌ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയാറാകാത്തതിന്റെ രാഷ്ട്രീയം ഈ അന്തര്‍ധാര കാരണമാണെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.