വീണ്ടും കുരുക്കിലേക്ക് ;മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറ്റം, തോമസ് ചാണ്ടിയ്‌ക്കെതിരെ അന്വേഷണം

തിരുവനന്തപുരം : മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്.

അന്വേഷിച്ച് നടപടി എടുക്കാന്‍ റവന്യൂ മന്ത്രി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ലാന്റ് ബോര്‍ഡ് സെക്രട്ടറി സി എ ലതക്കാണ് അന്വേഷണത്തിന്റെ ചുമതല.

ദേവസ്വത്തിന്റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വെച്ചെന്ന് ദേവസ്വം പ്രതിനിധികള്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നലെ പറഞ്ഞിരുന്നു. മന്ത്രി എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ല എന്നും കളക്ടര്‍മാര്‍ മാറിയതാണ് അന്വേഷണത്തിന് കാലതാമസം ഉണ്ടാക്കിയതെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇതിനിടെ ആരോപണ വിധേയനായ തോമസ് ചാണ്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്ടറേറ്റില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മിന്നല്‍ ഉപരോധം നടന്നു. കലക്ടേറേറ്റിലെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കടന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

Top