കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സിന്റേതാണ് നിര്‍ദ്ദേശം. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിഡിപി അന്വേഷണം നടത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കം നല്‍കണം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
ഞായറാഴ്ചയാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു അനീഷ്യ. കഴിഞ്ഞ ദിവസം അനീഷ്യയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തില്‍ അനീഷ്യ പറയുന്നത്. ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ഒരു തെറ്റും ചെയ്തില്ല. സ്ത്രീ എന്ന പരിഗണന നല്‍കിയില്ല. തന്നെ ആളുകളുടെ ഇടയില്‍ വെച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യ ശബ്ദ സന്ദേശത്തില്‍.
ഇതിന് പിന്നാലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അനീഷ്യയുടെ അമ്മ രംഗത്തെത്തി. ഡിഡിപി മകളെ മാനസികമായി ഉപദ്രവിച്ചുവെന്ന് പ്രസന്ന കുമാരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിക്കുമായിരുന്നു. ജോലി സ്ഥലത്ത് നടക്കുന്ന കാര്യങ്ങള്‍ അനീഷ്യ വീട്ടില്‍ വന്നു പറയുമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അമ്മ ആവശ്യപ്പെട്ടു. 19-ാം തീയതി കൊല്ലത്തു പോയി വന്നതോടെ വീട്ടില്‍ വന്നു കരഞ്ഞു. ജൂനിയര്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് അപമാനിച്ചതാണ് കാരണം. മറ്റൊരു കോടതിയിലെ എപിപിയുടെ ജോലിയും ഇവരെക്കൊണ്ട് ഡിഡിപി ചെയ്യിപ്പിക്കും. ഇതിനിടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എല്ലാവരും കേള്‍ക്കെ വായിച്ച് അപമാനിച്ചുവെന്നും അമ്മ പറഞ്ഞു.
19 പേജ് ഉള്ള ആത്മഹത്യാ കുറിപ്പില്‍ മേലുദ്യോഗസ്ഥരുടെ പേരുകള്‍ ഉണ്ടെന്ന് സഹോദരനും വ്യക്തമാക്കി. നിയമ നടപടിയുമായി ഏത് അറ്റം വരെയും പോകുമെന്നും സഹോദരന്‍ അനൂപ് റിപ്പോര്‍റിനോട് പറഞ്ഞു. മാവേലിക്കര സെഷന്‍സ് കോടതിയിലെ ജഡ്ജിയാണ് ഭര്‍ത്താവ് അജിത് കുമാര്‍. അനീഷയുടെ മരണത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ അടിയന്തര യോഗം വിളിച്ചു.