investigation report prepares with all evidence in jisha murder case

പെരുമ്പാവൂര്‍ :സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍നിന്നു കനത്ത പ്രഹരമേറ്റ സാഹചര്യത്തില്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പഴുതുകളടച്ചു കുറ്റപത്രം തയാറാക്കാന്‍ പൊലീസ് .

ശാസ്ത്രീയ തെളിവുകള്‍ മാനദണ്ഡമാക്കി കുറ്റപത്രം നല്‍കാനാണ് പൊലീസ് ഒരുങ്ങുന്നത്. കൊലപാതകസമയത്തു ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുരണ്ട ഉമിനീരില്‍നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിക്കാനായതാണു പ്രധാനനേട്ടമായി അന്വേഷണ സംഘം വിലയിരുത്തുന്നത്. കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും.

പഴുതുകളടച്ചുള്ള അന്വേഷണത്തിന്റെ അന്ത്യത്തില്‍ പാളിച്ചകളില്ലാതെയുള്ള കുറ്റപത്രം തയാറാക്കാനുള്ള അവസാനവട്ട പരിശോധനകളിലാണു പൊലീസ്.

പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ഡിഎന്‍എ പരിശോധനാഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തെളിവുകള്‍ നിരത്തുക.

1. കൊലപാതക സമയത്ത് ജിഷ ധരിച്ചിരുന്ന ചൂരിദാറില്‍ പുരണ്ട ഉമിനീരില്‍നിന്ന് അമീറുല്‍ ഇസ്‌ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് ഏറ്റവും പ്രധാനം. അമീര്‍ ജിഷയെ പുറത്തു കടിച്ച പാടില്‍നിന്നാണ് ഈ ഉമിനീര്‍ ശേഖരിച്ചത്.

2. പോസ്റ്റ്‌മോര്‍ട്ടം സമയത്തു ശേഖരിച്ച ജിഷയുടെ നഖങ്ങളില്‍നിന്ന് അമീറുല്‍ ഇസ്‌ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

3. ജിഷയുടെ ചുരിദാറില്‍ പുരണ്ട ചോരയില്‍നിന്ന് ജിഷയുടെയും അമീറുല്‍ ഇസ്‌ലാമിന്റെയും ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു.

4. ജിഷയുടെ വീടിനു പുറകിലെ വാതിലിന്റെ കോണ്‍ക്രീറ്റ് ഫ്രെയിമില്‍ പുരണ്ട ചോരയില്‍നിന്ന് അമീറുല്‍ ഇസ്‌ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചു

5. പൊലീസ് കണ്ടെടുത്ത, കൊലപാതത്തിനുപയോഗിച്ച കത്തിയില്‍നിന്ന് ജിഷയുടെ ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു

6. ജിഷയുടെ വീടിനടുത്തു കണ്ടെത്തിയ ചെരുപ്പില്‍ പുരണ്ട ചോരയില്‍നിന്ന് ജിഷയുടെ ഡിഎന്‍എ വേര്‍തിരിച്ചു. ഈ ചെരുപ്പ് പ്രതിയുടേതാണ്.

7. ഈ ചെരുപ്പില്‍നിന്ന് ജിഷയുടെ വീടിനു പുറകിലെ മണല്‍ ശാസ്ത്രീയ പരിശോധനയിലുടെ കണ്ടെടുത്തു.

അന്വേഷണത്തിന്റെ ആദ്യദിവസങ്ങളിലെ അലംഭാവത്തിന് ഏറെ പഴികേട്ടതിനാല്‍ കൃത്യതയുള്ള കുറ്റപത്രം തയാറാക്കാനാണ് ഇത്രയും സമയമെടുത്തതെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

Top